ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടം കടല്‍ത്തീരപ്രദേശമായിരുന്നുവെന്ന് സൂചനകളുണ്ട്. നിരന്തരമായ പ്രകൃതിക്ഷോഭത്തെ തുടര്‍ന്നാവാം കാലാന്തരത്തില്‍ മണല്‍തുരുത്തുകളായി മാറിയ ഈ പ്രദേശത്ത് തുടര്‍ന്ന് ജനവാസകേന്ദ്രങ്ങള്‍ ഉടലെടുക്കുകയായിരുന്നുവെന്ന് കരുതപ്പെടുന്നു. ഭൂപ്രകൃതിഘടനയിലുണ്ടായ മാറ്റത്തെതുടര്‍ന്ന് ചില പ്രദേശങ്ങള്‍ ചതുപ്പുനിലങ്ങളായും മറ്റു പ്രദേശങ്ങള്‍ തുരുത്തുകളായും രൂപാന്തരപ്പെട്ടു. ഇതില്‍ മണല്‍ അടിഞ്ഞുകൂടിയ ഊരാണ് മണലൂരായി അറിയപ്പെട്ടതെന്നു കരുതുന്നു. ഭരണകൂടങ്ങളുടെ രൂക്ഷമായ ഇടപെടലുകളോ, പടയോട്ടങ്ങളോ, വലിയ സാമൂഹ്യ സംഘര്‍ഷങ്ങളോ ഇവിടെ നടന്നിരിക്കാന്‍ ഇടയില്ല. പഴയകാലത്ത് കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിലനിന്നിരുന്ന അധികാരഘടന തന്നെയായിരുന്നു ഇവിടെയുമുണ്ടായിരുന്നത്. അധികാരഘടനയില്‍ നമ്പൂതിരിമാരുടെ ജന്മം അല്ലാത്ത വസ്തുവകകള്‍(ഭൂമി) ഇവിടെ വളരെ ചുരുക്കമായിരുന്നു. നായര്‍ കുടുംബങ്ങളുടേയും മറ്റുള്ളവരുടേയും കുടിയിരിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം ഏതെങ്കിലും ഒരു മനയുടെ ജന്മമോ, വെറും പാട്ടമോ, കാണമോ ആയിരുന്നു. ദേശക്കാരില്‍ നായന്മാരായിരുന്നു കൂടുതല്‍. ക്ഷേത്രങ്ങളുടെ സമുദായം എന്ന കൈകാര്യ-കര്‍ത്തൃത്വ അവകാശം കയ്യാളിയിരുന്നത് നമ്പൂതിരിമാരായിരുന്നു. ജന്മിത്തം അതിന്റെ ഏറ്റവും ഉയര്‍ന്ന രൂപം ഇക്കാലത്ത് കൈവരിച്ചിരുന്നു. ദേശാധിപത്യം കയ്യാളിയിരുന്നത് കൈമള്‍മാര്‍ ആയിരുന്നു. അവര്‍ണ്ണരെ ദേശക്കെട്ടില്‍ നിന്നും ഒഴിച്ചുനിര്‍ത്തിയിരുന്നു. ഇവരെ ഉപയോഗിച്ചായിരുന്നു കൃഷിപ്പണി നടത്തിയിരുന്നത്. പ്രധാനമായും കൈമാറ്റവ്യവസ്ഥിതി(ബാര്‍ട്ടര്‍ സിസ്റ്റം)യില്‍ കൂടിയായിരുന്നു വ്യാപാരവിനിമയങ്ങള്‍ നടത്തിയിരുന്നത്. ഈ ഘടനയ്ക്കകത്ത് വ്യാപാരം മാത്രം തൊഴിലാക്കിയിരുന്ന ഒരു സമൂഹം ഉണ്ടായിരുന്നില്ല. ലളിതമായ കാര്‍ഷിക സംസ്കൃതിയിലധിഷ്ഠിതമായ ഈ നാട്ടിലെ പ്രധാന കൃഷി പണ്ടുമുതല്‍ തന്നെ നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ പച്ചക്കറികള്‍തുടങ്ങിയവയാണ്. കന്നുകാലിസമ്പത്തും മത്സ്യസമ്പത്തും കൊണ്ട് അനുഗൃഹീതമായിരുന്നു ഇവിടം. നെല്ല്, തെങ്ങ് എന്നിവ സമൃദ്ധമായി കൃഷി ചെയ്തുവന്നു. വയലേലകളില്‍ വെള്ളം കെട്ടിനിറുത്തിയായിരുന്നു കൃഷിക്ക് ജലസേചനം നടത്തിയിരുന്നത്. നാളികേരം ആട്ടി എണ്ണയെടുക്കുന്നതിന് പരമ്പരാഗതമായ ആട്ടുചക്കുകള്‍ ഉണ്ടായിരുന്നു. കാളകളേയും പോത്തുകളേയും ഇതിനായി ഉപയോഗിച്ചിരുന്നു. പാലാഴി, മണലൂര്‍, മാമ്പിള്ളി, കരിക്കൊടി എന്നീ പുഴയോരപ്രദേശങ്ങളില്‍ ചകിരിചീയിക്കലും, ചകിരി തല്ലി നാര് നിര്‍മ്മിക്കലും നടന്നിരുന്നു. ചകിരിനാര് ഉപയോഗിച്ച് കൈകൊണ്ടാണ് കയര്‍പിരിച്ചിരുന്നത്. മണലൂരിലെ വിവിധ പ്രദേശങ്ങളില്‍ തുണിനെയ്ത്ത് നിലനിന്നിരുന്നു. സ്ത്രീകള്‍ കൈകൊണ്ട് നൂല് നൂറ്റാണ് വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ കണ്ടശ്ശാംകടവ് പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായി വളര്‍ന്നിരുന്നു. കെട്ടുവള്ളങ്ങളില്‍ കയറ്റി ചകിരി കൊച്ചിയിലേക്കും, ആലപ്പുഴയിലേക്കും കൊണ്ടുപോയിരുന്നു. കോഴിക്കോട്, തിരൂര്‍ പ്രദേശങ്ങളിലേക്ക് മണ്‍പാത്രങ്ങള്‍ വള്ളങ്ങളില്‍ കയറ്റി അയച്ചിരുന്നു. മത്സ്യബന്ധനത്തിനും, വ്യാപാരാവശ്യങ്ങള്‍ക്കും പ്രധാനമായി വള്ളങ്ങളാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ഗതാഗതമാര്‍ഗ്ഗങ്ങളായി നാട്ടുപാതകളും, വയല്‍പരമ്പുകളും, വെട്ടുവഴികളും മാത്രമാണുണ്ടായിരുന്നത്. എടുത്തുപറയാവുന്ന റോഡുകളൊന്നും ഏനമാക്കല്‍ പ്രവൃത്തിയില്‍ ഇല്ലായിരുന്നു. യാത്ര മുഖ്യമായും ജലമാര്‍ഗ്ഗമായിരുന്നു. പുഴയും, കായലും, തോടുകളും എല്ലാ ഭാഗത്തുമുള്ളതിനാല്‍ ജലഗതതാഗതത്തിന് സൌകര്യമുണ്ടായിരുന്നു. പോര്‍ച്ചുഗീസ് വരവിന് മുമ്പുതന്നെ കൊച്ചിയില്‍ ക്രിസ്തുമതം എത്തിയിരുന്നു. ചേറ്റുവായില്‍ മഹോദയപുരത്തിന്റെ ശാഖാനഗരങ്ങളിലൊന്നായിരുന്ന കേയീകുളങ്ങര നിന്നും വടക്കേത്തല, കുരുതുകുളങ്ങര എന്നീ രണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കണ്ടശ്ശാങ്കടവില്‍ എത്തിയതായി ചരിത്രരേഖകളില്‍ കാണുന്നു. ഉദ്ദേശം മൂന്നു നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ഈ കുടിയേറ്റം നടന്നതെന്ന് കരുതപ്പെടുന്നു. പില്‍ക്കാലത്ത് ജാതിശ്രേണിക്കകത്ത് ക്രിസ്ത്യന്‍ സമൂഹത്തെ ശുദ്ധസമൂഹമായി ഗണിച്ചുപോന്നു. ക്രിസ്തുമതവിശ്വാസികള്‍ക്ക് അയിത്തം കല്‍പിക്കപ്പെട്ടിരുന്നില്ല.
ഭരണചരിത്രം
ഭരണകൂടങ്ങളുടെ രൂക്ഷമായ ഇടപ്പെടലുകളോ, പടയോട്ടങ്ങളോ, വലിയ സാമൂഹ്യ സംഘര്‍ഷങ്ങളോ ഇവിടെ നടന്നിരിക്കാന്‍ ഇടയില്ല. പഴയകാലത്ത് കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിലനിന്നിരുന്ന അധികാരഘടന തന്നെയായിരുന്നു ഇവിടെയുമുണ്ടായിരുന്നത്. അധികാരഘടനയില്‍ നമ്പൂതിരിമാരുടെ ജന്മം അല്ലാത്ത വസ്തുവകകള്‍(ഭൂമി) ഇവിടെ വളരെ ചുരുക്കമായിരുന്നു. നായര്‍ കുടുംബങ്ങളുടേയും മറ്റുള്ളവരുടേയും കുടിയിരിപ്പുകള്‍ ഉണ്ടായിരുന്നങ്കിലും അതെല്ലാം ഏതെങ്കിലും ഒരു മനയുടെ ജന്മമോ, വെറും പാട്ടമോ, കാണമോ ആയിരുന്നു. ദേശക്കാരില്‍ നായന്മാരായിരുന്നു കൂടുതല്‍. ക്ഷേത്രങ്ങളുടെ സമുദായം എന്ന കൈകാര്യ-കര്‍ത്തൃത്വ അവകാശം കയ്യാളിയിരുന്നത് നമ്പൂതിരിമാരായിരുന്നു. ഇപ്പോഴത്തെ മണലൂര്‍ പഞ്ചായത്തുപ്രദേശം പഴയ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു. കൊച്ചിരാജ്യത്തിലെ ഒരു പ്രവൃത്തിയായിരുന്നു ഏനാമാക്കല്‍ പ്രവൃത്തി. ഇന്നത്തെ ബ്ലോക്കുപഞ്ചായത്തിന്റെ പേരിനു പകരം അന്നുപയോഗിച്ചിരുന്ന പദമായിരുന്നു പ്രവൃത്തി. ഏനാമാക്കല്‍ പ്രവൃത്തിയില്‍ 15 വില്ലേജുകള്‍ ഉള്‍പ്പെട്ടിരുന്നു. മണലൂര്‍, കാരമുക്ക് വില്ലേജുകള്‍ ചേര്‍ന്ന് രൂപംകൊണ്ട മണലൂര്‍ പഞ്ചായത്ത് ഈ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടതായിരുന്നു. കൊല്ലവര്‍ഷം 1084-ല്‍ നടന്ന സര്‍വ്വേസെറ്റില്‍മെന്റില്‍ ഏനാമാക്കല്‍ പ്രവൃത്തിയെ മണലൂര്‍, കാരമുക്ക്, അന്തിക്കാട്, പടിയം എന്നീ വില്ലേജുകളായി വിഭജിച്ചിരുന്നു. ഇതില്‍ മണലൂര്‍, കാരമൂക്ക്, വില്ലേജുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പില്‍ക്കാലത്ത് മണലൂര്‍ പഞ്ചായത്തായി രൂപപ്പെട്ടത്. കൊച്ചി നാട്ടുരാജ്യത്തിന്റെ അതിര്‍ത്തിയായിരുന്ന ഈ പ്രദേശം അതുകൊണ്ടുതന്നെ തന്ത്രപ്രധാനമായ മേഖലയായിരുന്നു. പടിഞ്ഞാറുഭാഗത്ത് കനോലി കനാലും, വടക്കുഭാഗത്ത് ബ്രിട്ടിഷ് മലബാറിലെ പൊന്നാനി താലൂക്കിലുള്‍പ്പെട്ടിരുന്ന വെങ്കിടങ്ങ് ദേശവും, കിഴക്കുഭാഗത്ത് കായലും, തെക്കുഭാഗത്ത് ഏനാമാക്കല്‍ പ്രവൃത്തിയിലെ ദേശങ്ങളുമായിരുന്നു അക്കാലത്തെ അതിര്‍ത്തികള്‍. 1914 മുതല്‍ കൊച്ചിരാജ്യത്ത് നീതിന്യായാധികാരം ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കപ്പെട്ടിരുന്നു. നികുതിയടയ്ക്കുന്നവരില്‍ നിന്നും നോമിനേഷന്‍ മുഖേന രൂപീകരിക്കുന്ന പഞ്ചായത്തുസമിതിയുടെ ഭരണത്തിന്‍കീഴില്‍ മണലൂര്‍ പഞ്ചായത്ത് പ്രവര്‍ത്തിച്ചുപോന്നു. ഇതിന് അനുബന്ധമായി കാഞ്ഞാണി സെന്ററിന് തെക്കുവശത്തായി കൊച്ചിരാജ്യത്തെ ഒരു വില്ലേജുകോടതിയും പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ 50 രൂപ വരെയുള്ള സിവില്‍ കേസ്സുകളുടെ വ്യവഹാരം നടന്നിരുന്നു. ഇതിന്റെ ജഡ്ജിമാരായി മണലൂരിലെ നാട്ടുപ്രമാണിമാരെ ആദ്യകാലങ്ങളില്‍ സര്‍ക്കാര്‍ നോമിനേറ്റു ചെയ്തിരുന്നു. 1974-ല്‍ വില്ലേജുകോടതികള്‍ കൊച്ചിരാജ്യത്ത് നിര്‍ത്തലാക്കിയതിന്റെ ഭാഗമായി കാഞ്ഞാണിയിലെ വില്ലേജുകോടതിയും നിര്‍ത്തലാക്കി. ഗതാഗതമാര്‍ഗ്ഗങ്ങളായി നാട്ടുപാതകളും, വയല്‍വരമ്പുകളും, വെട്ടുവഴികളും മാത്രമാണുണ്ടായിരുന്നത്. എടുത്തുപറയാവുന്ന റോഡുകളൊന്നും ഏനമാക്കല്‍ പ്രവൃത്തിയില്‍ ഇല്ലായിരുന്നു. 1953-ല്‍ ആദ്യ പഞ്ചായത്തുതെരഞ്ഞെടുപ്പ് നടക്കുകയും ടി.എം.ആന്റണി പ്രസിഡന്റായി അവരോധിതനാകുകയും ചെയ്തു. അദ്ദേഹമായിരുന്നു പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായിരുന്നത്.
നവോത്ഥാനചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മണലൂര്‍ ഗ്രാമത്തിലും ജാതിവിവേചനം നിലനിന്നിരുന്നു. അവര്‍ണ്ണ-സവര്‍ണ്ണ വ്യത്യാസം വളരെ പ്രകടമായിരുന്നു. പള്ളിക്കുടങ്ങളില്‍ അവര്‍ണ്ണരുടെ കുട്ടികള്‍ക്ക് പ്രവേശനമില്ലായിരുന്നു. മറ്റു മാര്‍ഗങ്ങളിലൂടെ വിദ്യാഭ്യാസം നേടിയാല്‍ പോലും സര്‍ക്കാര്‍ ജോലികള്‍ നിഷേധിക്കപ്പെട്ടിരുന്നു. പൊതുവഴികളില്‍ കൂടെ സഞ്ചാരസ്വാതന്ത്ര്യവും അവര്‍ണ്ണര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. പുരോഗമന സമുദായസംഘടനകളുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെയുണ്ടായിരുന്ന അനാചാരങ്ങളെ തുടച്ചുനീക്കുന്നതിന് ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. സാമുഹ്യ നവോത്ഥാനപ്രക്രിയയില്‍ മണലൂരിന്റെ സംഭാവനകളായി എടുത്തുപറയാവുന്ന ഒട്ടനവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. കാഞ്ഞാണിയിലെ ഒരു ധനാഢ്യ ഈഴവകുടുംബത്തിലെ കാരണവര്‍ കാരമുക്കിലുള്ള കുടുംബസ്ഥലത്ത് ഒരു ക്ഷേത്രം പണിയുകയും അവിടെ പ്രതിഷ്ഠ നടത്തുന്നതിനായി ശ്രീനാരായണഗുരുവിനെ ക്ഷണിക്കുകയും ചെയ്തു. ക്ഷേത്രം ഇരിക്കുന്ന സ്ഥലം തന്റെ പേരില്‍ തീറ് നല്‍കണമെന്ന് സ്വാമിജി ആവശ്യപ്പെട്ടു. നിബന്ധന പാലിച്ചതിനെ തുടര്‍ന്ന്, പ്രതിഷ്ഠ നടത്തുന്നതിനായി പരിവാരസമേതം സ്വാമിജി കാരമുക്കില്‍ എത്തി. പ്രതിഷ്ഠക്കായി മേല്‍പറഞ്ഞ കാരണവര്‍ ഒട്ടനവധി വിഗ്രഹങ്ങളും, കുഭകോണത്തു നിന്നും കൊണ്ടുവന്ന കുടുംബദേവതകളുടെ രൂപങ്ങളും തയ്യാര്‍ ചെയ്തുവച്ചിരുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച സ്വാമിയാകട്ടെ അവിടെ തയ്യാറാക്കിവെച്ചിരുന്ന ദേവീദേവബിംബങ്ങള്‍ എടുത്ത് പുറത്തേക്കെറിഞ്ഞു. തുടര്‍ന്ന് ഒരു ബിംബത്തിനു മുകളില്‍ കയറിനിന്നു വെള്ളമൊഴിച്ച് പാദശുദ്ധി വരുത്തിയിട്ട് ശ്രീകോവിലില്‍ കയറി. മൂന്നു കവരമുള്ള ഓട്ടുവിളക്ക് നിര്‍ദ്ദിഷ്ട സ്ഥാനത്ത് പ്രതിഷ്ഠിച്ച്, നെയ്ത്തിരി തെളിയിക്കുകയും ചെയ്തു. ഈ പ്രവൃത്തി കണ്ട് രോഷം ഉള്ളിലടക്കി നിന്ന പ്രമാണിമാരേയും അവിടെ കൂടിയ ആളുകളെയും നോക്കിക്കൊണ്ട് സ്വാമികള്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: ഇത് കാരമുക്കല്ലേ, ഈ മുക്കില്‍ ഇന്ന് കൊളുത്തിയ വിളക്ക് വെളിച്ചം വിതറട്ടെ, ഇതെന്നും അണയാതിരിക്കട്ടെ. കൊല്ലവര്‍ഷം 1085-ല്‍ ആണ് ഈ പ്രതിഷ്ഠ നടന്നത്. സ്വാമികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍, സ്വന്തം സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടാന്‍ സമാന്തരവും, ദ്രാവിഡ മൂല്യാത്മകവുമായ ഒരു നവീന വിശ്വാസപ്രമാണം വാര്‍ത്തെടുക്കുന്നതിനുള്ള ആഹ്വാനമായിരുന്നു എന്നു പറയാം. നവോത്ഥാനപ്രസ്ഥാനത്തിന്റെ പ്രേരകശക്തിയായിരുന്ന ശ്രീനാരായണപ്രസ്ഥാനം മണലൂരിന്റെ സാമൂഹ്യ സാംസ്കാരിക മാറ്റം ത്വരിതഗതിയിലാക്കി. അയിത്താചാരം കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്ത് സംഘടിച്ചു ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക തുടങ്ങിയ ഗുരുസന്ദേശങ്ങളുടെ ഇവിടത്തെ പ്രയോക്താവായിരുന്നു ചക്കാമഠത്തില്‍ കുഞ്ഞയ്യപ്പന്‍. മണലൂര്‍ അയ്യപ്പന്‍ കാവ് ക്ഷേത്രത്തില്‍ ആണ്ടുത്സവം കൊടികയറി അവസാനിക്കുന്ന ദിവസം നടന്ന ഈഴവലഹള ചരിത്രപ്രസിദ്ധമാണ്. അയ്യപ്പന്‍കാവു ക്ഷേത്രത്തില്‍ ഉത്സവദിനത്തില്‍, ധൈര്യപൂര്‍വ്വം ചില ഈഴവ യുവാക്കള്‍ പ്രവേശിക്കാവുന്ന പരിധി ലംഘിച്ച് കടന്നുകയറിക്കൊണ്ട്, ഹിന്ദുക്കള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കി. ഇവര്‍ പിന്നീട് ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും 62-ഓളം കേസുകളില്‍ പ്രതികളാക്കപ്പെടുകയും ചെയ്തു. മണലൂരിന്റെ ജാതിവിരുദ്ധ സമരങ്ങളിലെ അവസ്മരണീയ സംഭവങ്ങളിലൊന്നാണിത്. പോര്‍ച്ചുഗീസുകാരുടെ വരവിനുശേഷം കേരളമാകെ സിറിയന്‍ കത്തോലിക്കാസഭയെ ലത്തീന്‍വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സിറിയന്‍ ക്രിസ്ത്യാനികളെ ലത്തീന്‍വല്‍ക്കരിക്കുന്നതിനെതിരായ ചലനങ്ങള്‍ കണ്ടശ്ശാങ്കടവിലും ഉണ്ടായി. ഭൂരിപക്ഷം വരുന്ന പരമ്പാരാഗത സിറിയന്‍ ക്രിസ്ത്യാനികള്‍ സുറിയാനിഭാഷയിലായിരുന്നു മതകര്‍മങ്ങള്‍ ചൊല്ലിയിരുന്നതും അനുഷ്ഠിച്ചിരുന്നതും. തങ്ങളുടെ അധികാരവും, ധനവും ഉപയോഗിച്ചുകൊണ്ടായിരുന്നു പോര്‍ച്ചുഗീസുകാര്‍ ലത്തീന്‍വല്‍ക്കരണത്തിന് ശ്രമിച്ചിരുന്നത്. എന്നാല്‍ കണ്ടശ്ശാങ്കടവിലെ ക്രിസ്ത്യന്‍ സമൂഹം, അന്ന് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നിലകൊണ്ടിരുന്ന തൃശൂര്‍ ബിഷപ്പ് മേലൂസിനെ തങ്ങളുടെ ആത്മീയപിതാവായി അംഗീകരിക്കുകയും പഴയ പള്ളി സിറിയന്‍ വിഭാഗത്തിന്റേതായി നിലനിര്‍ത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ക്രിസ്ത്യാനികള്‍ ലത്തീന്‍വിശ്വാസികളായി മാറുകയും അവര്‍ ഇന്നത്തെ കണ്ടശ്ശാങ്കടവ് ചന്ത നില്‍ക്കുന്ന സ്ഥലത്ത് പുതിയൊരു ലത്തീന്‍പള്ളി സ്ഥാപിച്ചുകൊണ്ട് വിശ്വാസപ്രഖ്യാപനം നടത്തുകയുമുണ്ടായി. ഒരേ മതവിഭാഗത്തിന് ഒരേസ്ഥലത്ത് രണ്ട് ആരാധനാലയങ്ങള്‍ ഉണ്ടായിവന്നതിന്റെ മൂലകാരണം മറ്റെന്തെല്ലാമായിരുന്നെന്ന വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ക്രിസ്ത്യന്‍സമൂഹത്തിന്റെ വളര്‍ച്ചയെ തുടര്‍ന്ന്, സമുദായത്തിനകത്ത് ആഢ്യരും അധഃകൃതരും തമ്മില്‍ രൂപപ്പെട്ടുവന്ന വൈരുധ്യം ഈ സംഭവത്തിന് വഴിയൊരുക്കാന്‍ കാരണമായിട്ടുണ്ടെന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ഉപ്പുനിരോധനനിയമം അനുസരിച്ച്, മുണ്ടോപാടം ഉപ്പ് എടുക്കല്‍ നിരോധനമേഖലയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍നിരോധനം ലംഘിച്ചുകൊണ്ടുതന്നെ പാലാഴിയിലെ ജനങ്ങള്‍ ഉപ്പ് കോരുകയുണ്ടായി. സര്‍ക്കാര്‍നിയമത്തിനെതിരെ ജനകീയ പ്രക്ഷോഭമുണ്ടാവുകയും സാള്‍ട്ട് ഉദ്യോഗസ്ഥന്മാരുമായി ഒരു സായുധസംഘട്ടനം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.
കാര്‍ഷിക, വ്യവസായ, ഗതാഗത ചരിത്രം
പ്രകൃതിക്ഷോഭങ്ങള്‍, മലകളിലെ മണ്ണിടിയല്‍, ജലാശയം നികത്തല്‍, മലവെള്ളപാച്ചില്‍ എന്നിവയാല്‍ കാലാകാലങ്ങളില്‍ ഈ പ്രദേശത്തെ ഭൂപ്രകൃതിഘടനയില്‍ മാറ്റം ഉണ്ടായതിനെ തുടര്‍ന്നു ചില പ്രദേശങ്ങള്‍ ചതുപ്പുനിലങ്ങളായും മറ്റു പ്രദേശങ്ങള്‍ തുരുത്തുകളായും രൂപാന്തരപ്പെട്ടു. ഇതില്‍ മണല്‍ അടിഞ്ഞുകൂടിയ ഊരാണ് മണലൂരായി അറിയപ്പെട്ടത്. മണലൂരിന്റെ കാര്‍ഷികമേഖല കേരളത്തിന്റെ പൊതുകാര്‍ഷിക ചരിത്രത്തില്‍ നിന്നും ഭിന്നമല്ല. ലളിതമായ കാര്‍ഷിക സംസ്കൃതിയിലധിഷ്ഠിതമായ ഈ നാട്ടിലെ പ്രധാന കൃഷി പഴയകാലം മുതല്‍തന്നെ നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ പച്ചക്കറികള്‍ തുടങ്ങിയവയാണ്. കന്നുകാലിസമ്പത്തും മത്സ്യസമ്പത്തും കൊണ്ട് അനുഗൃഹീതമായിരുന്നു ഇവിടം. കൃഷിയിടങ്ങളുടെ ജന്മാവകാശം, ക്ഷേത്രങ്ങളുടേയും നമ്പൂതിരി ഇല്ലങ്ങളുടേതുമായിരുന്നു. വെറും പാട്ടം എന്ന നിലയില്‍ കൃഷിക്കായി നിലം കുടിയാന്മാര്‍ക്ക് നല്‍കുന്നതായിരുന്നു പതിവ്. അവരില്‍ നിന്നും ഒരു നിശ്ചിത അളവ് നെല്ല് പാട്ടമായി സ്വികരിക്കുന്ന ഒരു പൊതുരീതിയായിരുന്നു നിലനിന്നിരുന്നത്. നെല്ല്, തെങ്ങ് എന്നിവ സമൃദ്ധമായി കൃഷി ചെയ്തുവന്നു. വയലേലകളില്‍ വെള്ളം കെട്ടിനിറുത്തിയായിരുന്നു കൃഷിക്ക് ജലസേചനം നടത്തിയിരുന്നത്. നെല്‍കൃഷിയായിരുന്നു പ്രധാന കൃഷി. കായലിന്റെ കരയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ വേനല്‍ക്കാലത്ത് കൃഷി ചെയ്തിരുന്നു. ഈ കൃഷിയിടങ്ങള്‍ കടല്‍വെള്ളം കയറി നശിക്കാതിരിക്കാനായി ഏനാമാക്കലില്‍ വര്‍ഷം തോറും ഒരു കെട്ട്(ബണ്ട്) ഉണ്ടാക്കാറുണ്ട്. വളരെയേറെ അധ്വാനം ആവശ്യമായി വരുന്ന ഒരു ജോലിയായിരുന്നു ഇത്. പണ്ട് ഇവിടെ ഒരു സ്ഥിരം കെട്ട് ഉണ്ടായിരുന്നുവെന്നും മലബാറിലെ പഴയ കളക്ടര്‍മാരില്‍ ആരോ അത് പൊളിച്ചുകളഞ്ഞുവെന്നും പറയപ്പെടുന്നു. തെങ്ങ്, കവുങ്ങ്, കൊടപ്പന എന്നിവയായിരുന്നു മറ്റു മുഖ്യകൃഷികള്‍. പലതരത്തിലുള്ള പച്ചക്കറികളും കൂട്ടത്തിലുണ്ട്. 1930-കളോടെ തന്നെ മണലൂരില്‍ ആധുനിക വ്യവസായവല്‍ക്കരണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കൊപ്രയാട്ടുന്നതിന് പുതിയ യന്ത്രചക്കുകള്‍ ഉപയോഗിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ കണ്ടാശ്ശാങ്കടവിലും മണലൂരിലും സ്ഥാപിതമായിരുന്നു. ബാങ്കിംഗ് സംവിധാനങ്ങളും രൂപപ്പെട്ടിരുന്നു. പ്രധാനമായും ഇത്തരം വ്യവസായങ്ങളിലേര്‍പ്പെടാന്‍ മുന്നോട്ടുവന്നത് ക്രിസ്ത്യന്‍ സമൂഹമായിരുന്നു. അക്കാലത്ത് തന്നെയായിരുന്നു കണ്ടശ്ശാങ്കടവില്‍ നിന്നും തൃശൂരിലേക്ക് ആദ്യമായി ഒരു ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്. കല്‍ക്കരി ഉപയോഗിച്ചായിരുന്നു അക്കാലത്ത് ബസ് പ്രവര്‍ത്തിച്ചിരുന്നത്. പണ്ടു മുതല്‍ ഇവിടുത്തെ സഞ്ചാരം മുഖ്യമായും ജലമാര്‍ഗ്ഗം തന്നെയായിരുന്നു. പുഴയും, കായലും എല്ലാ ഭാഗത്തും വ്യാപിച്ചുകിടക്കുന്നതിനാല്‍ ജലഗതാഗതത്തിന് തടസങ്ങളില്ല.
വിദ്യാഭ്യാസ, സാംസ്കാരിക ചരിത്രം
സവര്‍ണ്ണരുടെ ആധിപത്യത്തിന്‍ കീഴിലായിരുന്ന ഹൈന്ദവദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് കഥകളി, കര്‍ണ്ണാടകസംഗീതം, കൂടിയാട്ടം, പാഠകം, കൂത്ത് തുടങ്ങിയ ക്ലാസിക് കലകള്‍ അവതരിപ്പിച്ചിരുന്നു. പാരമ്പര്യമായി ഇവിടെ എഴുത്തുപള്ളികള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്നതായി കാണുന്നു. 1906-ന് മുമ്പ് കണ്ടശ്ശാങ്കടവ് ചന്ത സ്ഥിതി ചെയ്തിരുന്ന ഓലമേഞ്ഞ കെട്ടിടത്തില്‍ ബഹുഭാഷാപണ്ഡിതനായ മുണ്ടശ്ശേരി പൊറിഞ്ചു ആശാന്‍ ഒരു പള്ളിക്കൂടം നടത്തിയിരുന്നു. ഇദ്ദേഹത്തിന് തമിഴ്, മലയാളം, ഹിന്ദി, സംസ്കൃതം മുതലായ ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്നു. ഈ സ്കൂളില്‍ ജാതിഭേദമില്ലാതെ തന്നെ കുട്ടികള്‍ക്ക് അക്ഷരവിദ്യ പഠിപ്പിച്ചിരുന്നു. 1906-ല്‍ സെന്റ് ജോസഫ് സ്കൂള്‍ എന്ന പേരില്‍ ഒരു എല്‍.പി.സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ പാഠശാല യു.പി.തലത്തിലേക്ക് വളരുകയും, പിന്നീട് പൊതുനന്മയെ ലാക്കാക്കി ഈ സ്കൂള്‍ സര്‍ക്കാരിലേക്ക് ദാനം ചെയ്യപ്പെടുകയും ചെയ്തു. 1919-തോടെ ഈ സ്കൂള്‍ ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു. മണലുരിലെ വിദ്യാഭ്യാസപുരോഗതിക്ക് ക്രിസ്ത്യന്‍ സമുദായത്തിന്റെ സംഭാവന എക്കാലത്തും സ്മരിക്കപ്പെടും. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍, ഹൈന്ദവ ദേവാലയങ്ങള്‍ സ്ഥാപിതമായിരുന്നു. മണലൂരിന് തനതും, സമ്പന്നവുമായ ഒരു സാംസ്കാരികപാരമ്പര്യമുണ്ട്. ക്ഷേത്രങ്ങളേയും മനകളേയും കേന്ദ്രീകരിച്ച് സവര്‍ണ്ണ-സമ്പന്ന വര്‍ഗ്ഗത്തിന്റെ സാംസ്കാരിക ധാരയായിരുന്നു പ്രബലമായുണ്ടായിരുന്നത്. കഥകളി, കൂത്ത്, കൂടിയാട്ടം, സോപാനസംഗീതം, ശാസ്ത്രീയസംഗീതം, നൃത്തം തുടങ്ങിയ സവര്‍ണ്ണകലകളുടെ പോഷണത്തിന് അത് ഏറെ സഹായകമായി. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ കലാരൂപങ്ങളായ കളമെഴുത്ത്, തോറ്റംപാട്ട്, തിറ, അയ് വര്‍ കളി, പൊറോട്ട് നാടകം, കുമ്മാട്ടി, കുറത്തി, മുക്കന്‍, ചാത്തന്‍, തുള്ളല്‍, കാളകളി, തുടങ്ങിയവയും ഇവിടെ നിലനിന്നിരുന്നു. വയല്‍കളങ്ങള്‍ ഉര്‍വരതാനുഷ്ഠാനങ്ങളാണ്. വീടും, പരിസരവും വൃത്തിയാക്കി ശീപോതി(ഐശ്വര്യദേവത)യെ അകത്തുകടത്തലും ചേട്ട(ദുര്‍ദേവത)യെ പുറന്തള്ളലും കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനകാലംവരെ നിലനിന്നിരുന്നു. തെങ്ങുകയറ്റതൊഴിലാളിയായ കുഞ്ഞപ്പു ആശാന്റെ നേതൃത്വത്തിലുള്ള ഹരിജന്‍ കലാവേദി മണലൂരില്‍ പ്രവര്‍ത്തിച്ചിരുന്നു. ചെണ്ട, തിമില, കൊമ്പ്, പൊറാട്ട് നാടകം, കാളകളി, തുടങ്ങിയ കലകള്‍ ഇവിടെ പരിശീലിപ്പിച്ചിരുന്നു. ഈഴവരും ക്രിസ്ത്യാനികളുമാണ് മണലൂരിലെ പ്രബല ജനവിഭാഗങ്ങള്‍. പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും പിന്നോക്കസമുദായക്കാരും ഭരിക്കുന്നവര്‍ ഉന്നതരുമായ ഒരു സാമൂഹിക-സാമ്പത്തിക വ്യവസ്ഥ നിലനിര്‍ത്തുന്നതിന് ഇവിടുത്തെ സങ്കീര്‍ണ്ണമായ ജാതിഘടന കാരണമായിട്ടുണ്ട്. തൊട്ടുകുടാത്തവരും, തീണ്ടികൂടാത്തവരുമായ ജനങ്ങള്‍ക്ക് എന്നും ഏതിനും വിലക്കുകളായിരുന്നു. ശ്രീനാരായണഗുരുവിന്റെ ആശയങ്ങളുടെ വ്യാപനത്തോടെ പുതിയ സാമൂഹ്യപ്രസ്ഥാനങ്ങള്‍ നാട്ടില്‍ ജന്മമെടുക്കാന്‍ തുടങ്ങി. ഈ പഞ്ചായത്തില്‍ ക്ലാസിക്ക് സിനിമകളെ പരിചയപ്പെടുത്തുന്നതിനും, ലോകസിനിമകളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനും ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പ്രേരണ ഫിലിം സൊസൈറ്റി മുന്‍കൈയ്യെടുത്തിരുന്നു. നിരവധി ക്ലാസ്സിക്കുകളും ദേശീയവും പ്രദേശികവുമായ ധാരാളം നല്ല സിനിമകളും സൊസൈറ്റി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.